Chilli seed germination

മുളക് വിത്ത് മുളപ്പിക്കൽ

സാദാരണ മുളക് വിത്തുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുളയ്ക്കും, അതേസമയം എരുവ് കൂടിയ ചിലയിനം മുളകുകൾക്ക് ഒരു മാസമോ അതിൽ കൂടുതലോ സമയമെടുക്കും. വിത്തുകൾ മുളക്കാനെടുക്കുന്ന സമയം മുളകിന്റെ വൈവിധ്യം, വളരുന്ന പരിസ്ഥിതി താപനില തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എല്ലാ വിത്തുകളും ഒരു മിച്ചു മുളപ്പിക്കാതിരിക്കുക. വാങ്ങിയ വിത്തുകളിൽ ഓരോ ഇനത്തിൽ നിന്നും കുറച്ചു മാത്രം മുളപ്പിക്കാൻ ശ്രമിക്കുക. ഏതെങ്കിലും വിത്തുകൾ മുളച്ചില്ലെങ്കിൽ ബാക്കിയുള്ള വിത്തുകൾ വേറെ രീതിയിൽ മുളപ്പിക്കാൻ ശ്രമിക്കാവുന്നതാണ്

എന്തുകൊണ്ടാണ് എന്റെ മുളക് വിത്തുകൾ മുളയ്ക്കാത്തത്?

ഗുണനിലവാരമില്ലാത്ത വിത്ത്

നനഞ്ഞതോ ചൂടുള്ളതോ ആയ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന വിത്ത് നന്നായി മുളയ്ക്കാൻ പോകുന്നില്ല, മാത്രമല്ല പഴയ വിത്തുകൾക്ക് അവയുടെ മുളക്കാനുള്ള കഴിവ് കുറയുകയും ചെയ്യും. നല്ല രീതിയിൽ സ്റ്റോർ ചെയ്ത വിത്തുകൾ ഒരു വര്ഷം വരെ ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും ഫ്രഷ് വിത്തുകൾ ആണെങ്കിൽ വിത്തുകൾ എളുപ്പം മുളക്കുകയും മുളക്കുന്ന വിത്തുകളുടെ ശതമാനം കൂടുതലുമായിരിക്കും.

പാകമാകാത്ത വിത്തുകൾ

ശരിയായ രീതിയിൽ മൂത്തു പാകമാകാത്ത വിത്തുകൾ മുളക്കണമെന്നില്ല. വിത്തുകൾക്കായി ആദ്യത്തെ വിളവും അവസാനത്തെ വിളവും എടുക്കാതിരിക്കുക. വിത്തുകൾ ശരിയായ രീതിയിൽ മൂത്തശേഷം മാത്രം വിത്തിനായി എടുക്കാൻ ശ്രമിക്കുക

വിത്തുകൾ തയ്യാറാക്കിയതിലുള്ള പാകപ്പിഴകൾ

നല്ല രീതിയിൽ പാകമായ വിത്തുകൾ തണലത്തു വച്ച് 4 – 7 ദിവസം ഉണക്കിയെടുക്കണം. സൂര്യപ്രകാശത്തിലുണക്കിയെടുത്താൽ വിത്തുകളുടെ മുളക്കാനുള്ള ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട്

വിത്തുകൾ പാകിയതിലുള്ള പാളിച്ച

വിത്തുകൾ അധികം താഴ്ത്തി പാകിയാൽ മുളക്കാൻ സാധ്യത കുറവാണു. വിത്തുകളുടെ അതെ കനത്തിലോ കൂടിയാൽ ഇരട്ടി കനത്തിലോ വിത്തുകളുടെ മുകളിൽ പോട്ടിങ് മിക്സ് ഇടുക. വിത്തുകൾ പാകിയതിനു ശേഷം അധികം പ്രസ് ചെയ്തു വിത്തുകൾ താഴ്ത്താതിരിക്കാൻ ശ്രദ്ധിക്കുക.

വിത്തുകൾ പാകാനുപയോഗിച്ച നടീൽ മിശ്രിതം

വിത്തുകൾ മുളപ്പിക്കാൻ  പറമ്പിലെ മണ്ണ് ഉപയോഗിക്കാതിരിക്കുക. കട്ടി ആയ മണ്ണ്, മണ്ണിലെ കല്ലും കട്ടകളും മറ്റും വിത്തുകൾ നല്ല രീതിയിൽ മുളച്ചു വരുന്നതിനു ഒരു തടസം ആയേക്കാം. വിത്തുകൾ മുളപ്പിക്കുന്നതിനു വളരെ ലൂസായ ഒരു പോട്ടിങ് മിക്സ് തിരഞ്ഞെടുക്കുക. 70 ശതമാനം ചകിരിച്ചോർ 30 ശതമാനം ചാണകപ്പൊടിയോ / വെർമി കമ്പോസ്റ്റോ ചേർന്ന് മിശ്രിതം വിത്തുകൾ മുളപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്

വിത്തുകൾ പാകാൻ തിരഞ്ഞെടുത്ത സമയം

ഓരോ ഇനം വിത്തിനും മുളക്കുന്നതിനു താപനില ഒരു പ്രധാന ഘടകമാണ്. വിത്തുകൾ പാകുമ്പോൾ ഓരോ സ്ഥലത്തിന്റെയും കാലാവസ്ഥക്കനുസരിച്ചു കൃഷി കലണ്ടർ പ്രകാരം ശരിയായ സമയത്തു നടുന്നത് വിത്തുകൾ എളുപ്പം മുളക്കാൻ സഹായിക്കുമെന്നുമാത്രമല്ല കൂടുതൽ വിളവും ലഭിക്കുന്നതായിരിക്കും

ശരിയല്ലാത്ത ജലസേചനം

വിത്തുകൾക്ക് ശരിയായ രീതിയിൽ നനവ് കിട്ടിയില്ലെങ്കിൽ അവ ഉണങ്ങി നശിച്ചു പോകും. ഇനി വെള്ളം കൂടിയാലോ അവ ചീഞ്ഞു നശിച്ചു പോകും. വിത്തുകൾ പാകിയതിനു ശേഷം മിതമായ രീതിയിൽ രാവിലെയും വൈകിട്ടും ഒരു സ്പ്രേയർ ഉപയോഗിച്ച് നനയ്ക്കാൻ ശ്രമിക്കുക. വിത്തുകൾ തണലത്തു വച്ച് മുളപ്പിക്കാൻ ശ്രമിക്കുക

വൃത്തിയില്ലാത്ത അല്ലെങ്കിൽ അണുവിമുക്തമല്ലാത്ത സീഡ് ട്രേ

വിത്തുകൾ മുളപ്പിക്കാൻ  ഫ്രഷ് സീഡ് ട്രേ ഉപയോഗിക്കാൻ ശ്രമിക്കുക. ഇനി ഇപ്പൊ പഴയ സീഡ് ട്രേ ആണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല രീതിയിൽ ക്ലീൻ ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക. വൃത്തിയില്ലാത്ത സീഡ് ട്രേ ഉപയോഗിച്ച് വിത്തുകൾ മുളപ്പിച്ചാൽ വിത്തുകൾ മുളച്ചു വന്നാലും ഫങ്സ് ബാധമൂലം നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

സൂര്യപ്രകാശം

വിത്തുകൾ മുളക്കുവാൻ സൂര്യപ്രകാശം ആവശ്യമില്ല. വിത്തുകൾ മുളച്ചു കഴിഞ്ഞാൽ സൂര്യപ്രകാശം ആവശ്യമാണ്. മുളച്ചു വരുന്ന വിത്തുകളെ മിതമായ രീതിയിൽ സൂര്യപ്രക്ഷത്തിൽ വയ്ക്കുക ആദ്യത്തെ ദിവസം ഒരു മണിക്കൂർ രണ്ടാം ദിവസം രണ്ടു മണിക്കൂർ മൂന്നാം ദിവസം മൂന്ന് മണിക്കൂർ അങ്ങനെ

പോട്ടിങ് മിക്സിൽ മുളക്കാത്ത വിത്തുകൾക്ക് ഒരു ടിഷ്യു പേപ്പർ വിത്തുമുളപ്പിക്കൽ പരീക്ഷണമാവാം

ഒരു ടിഷ്യു പേപ്പർ എടുത്തു അതിൽ വിത്തുകൾ നിരത്തി വയ്ക്കുക. എന്നിട്ടു ടിഷ്യു പേപ്പർ മടക്കുക. ടിഷ്യു പേപ്പറിന് മുകളിൽ മിതമായി വെള്ളം സ്പ്രൈ ചെയ്യുക ഇനി ഈ ടിഷ്യു പേപ്പർ ഒരു സുതാര്യമായ പരന്ന പ്ലാസ്റ്റിക് കണ്ടൈനറിലോ സിപ് ലോക്ക് ബാഗിലോ അടച്ചു വയ്ക്കുക. ദിവസവും വെള്ളം സ്പ്രൈ ചെയ്യേണ്ട ആവശ്യമില്ല ടിഷ്യു പേപ്പർ ഡ്രൈ ആയാൽ മാത്രമെ വെള്ളം സ്പ്രൈ ചെയ്യാവു

പിന്നെ എല്ലാവരും മനസിലാക്കേണ്ട ഒരു നഗ്ന സത്യം എല്ലാവിത്തുകളും എല്ലാവര്ക്കും എല്ലായിടത്തും മുളക്കണമെന്നില്ല. എല്ലാം ഒരു പരീക്ഷണങ്ങളാണ് തോറ്റു പിന്മാറാതെ വിജയം കണ്ടെത്തുന്നതുവരെ പരീക്ഷണങ്ങൾ തുടർന്നകൊണ്ടേയിരിക്കുക. ഈ വിത്ത് മുളപ്പിക്കലും കൃഷിയുമൊക്കെ അത്ര എളുപ്പമായിരുന്നേൽ നമ്മുടെ വീട്ടിലേക്കു പച്ചക്കറികൾ വാങ്ങുവാൻ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നല്ലോ. അനുഭവം ഗുരു. അനുഭവങ്ങൾ നിങ്ങളെ കൃഷിയുടെ ട്രിക്‌സ് ആൻഡ് ഹാക്‌സ് പഠിപ്പിക്കട്ടെ   

Leave a Reply